എന്താണെന്താണെന്താണ്
എന്താണെന്താണെന്താണ്, സ്വപ്നം കാണണതെന്താണ്?
ആരാണാരാണാരാണ്, സ്വപ്നത്തില്‍ ചിരിപ്പിച്ചതാരാണ്?
കളി പറയും മുത്തിയോ, കളിയാക്കും ചേട്ടനോ,
കേട്ട പാട്ടിന്‍ ഈണമോ, നുണഞ്ഞ പാലിന്‍ മധുരമോ?
എന്തു കണ്ട് ചിരിക്കണ്, എന്തിന് കാലിട്ടടിക്കണ്,
എന്തിനു ചുരുണ്ടു കൂടണ്, എന്തിന് മൂരി നിവര്‍ക്കണ്?
എന്താണെന്താണെന്താണ്, ഇങ്ങനെ ഞെട്ടണതെന്താണ്?
ആരാണാരാണാരാണ്, നീട്ടി തുമ്മിയതാരാണ്?
പത്രം നോക്കണ അച്ഛനോ, പത്രാസ് കാട്ടണ അമ്മയോ,
പിണങ്ങി നില്ക്കുണ ചേട്ടനോ, തൂങ്ങിയാടണ പാവയോ?
എന്തിന് ചുണ്ട് പിളര്‍ക്കണ്, ആരോട് നീരസം കാട്ടണ്,
ആരെടുക്കാന്‍ പിടയ്ക്കണ്, എങ്ങോട്ട് നോക്കി കരയണ് ?
എന്താണെന്താണെന്താണ്, ഇങ്ങനെ ആടണതെന്താണ്?
ആരാണാരാണാരാണ്, കുട്ടനെയാട്ടണതാരാണ്?
വിരുന്നു വന്നരോളമോ, തേടി വന്ന തെന്നലോ,
ഓടി വന്ന കാലുകളോ, വാരിയെടുത്ത കൈകളോ?
ആരുടെ കയ്യിലിരിക്കണ്, എങ്ങോട്ടേന്തി നോക്കണ്,
എന്തു വര്‍ത്താനം പറയണ്, എന്തു കണ്ട് ചിരിക്കണ്?
എന്താണെന്താണെന്താണ്, ഇങ്ങനെ മിന്നണതെന്താണ്?
ആരാണാരാണാരാണ്, തേച്ച് കുളിപ്പിച്ചതാരാണ്?
എണ്ണ തേപ്പിച്ച അമ്മയോ, തമിഴ് ചൊല്ലണ അക്കയോ,
പാട്ട് പാടും ചോലയോ, ചിലങ്ക കെട്ടിയ മാരിയോ?
എന്തിന് ശ്വാസം പിടിച്ചത്, എന്തിന് കൂവി വിളിച്ചത്,
എന്തിനു കാലിട്ടടിച്ചത്, എങ്ങോട്ടു പോവാന്‍ കുതിച്ചത്?
എന്താണെന്താണെന്താണ്, മിണ്ടാട്ടമില്ലാതതെന്താണ്?
ആരാണാരാണാരാണ്, പാല് കുടിക്കണതാരാണ്?
കുളി കഴിഞ്ഞ വാവയോ, പുത്തനുടുപിട്ട സുന്ദരനോ,
ചുവന്ന ചെറിയ ചുണ്ടുകളോ, പല്ലു വരാത്ത മോണകളോ?
നമുക്കു ചാച്ചിയുറങ്ങണ്ടെ, പുതിയ സ്വപ്നങ്ങള്‍ കാണണ്ടെ,
സ്വപ്നം കണ്ട് ചിരിക്കണ്ടെ, വീണ്ടും ഞെട്ടിയുണരണ്ടെ?
വാവോ വാവോ വാവാവോ, താളത്തിലാടിയുറങ്ങിക്കോ.
വാവോ വാവോ വാവാവോ, കണ്ണും പൂട്ടിയുറങ്ങിക്കോ.